ഇപ്പോൾ ലോകമാകെ ചർച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് " കാംബ്രിഡ്ജ് അനലിറ്റിക്ക ". എന്താണിത്? ഇത് ഒരു ഡാറ്റാ മൈനിംഗ് കമ്പനിയാണ്. ലോകത്ത് നിന്ന് വ്യാപകമായി ഇന്റർനെറ്റിലൂടെ സർവെകൾ വഴിയും അല്ലാതെ മറ്റു സാങ്കേതിക വിദ്യകളുപയോഗിച്ചും ഡാറ്റ അഥവാ വിവരങ്ങൾ ഖനനം (മൈനിംഗ്) ചെയ്യുന്നതാണിവരുടെ പണി. ഡാറ്റാ മൈനിംഗിന് നേരായ മാർഗ്ഗവും അല്ലാത്തതും ഉപയോഗിക്കാറുണ്ട് കമ്പനികൾ, അവരുടെ കക്ഷികളേയും അവരുടെ ലക്ഷ്യങ്ങളേയും ആശ്രയിച്ച് . ഇങ്ങിനെ ലഭിക്കുന്ന ഡാറ്റകളുപയോഗിച്ചാണ് പല കമ്പനികളും പ്രത്യേകിച്ച് കോർപ്പറേറ്റുകൾ ഡിജിറ്റൽ മാർക്കറ്റിനിനും മാർക്കറ്റിഗിനും വേണ്ട തന്ത്രങ്ങൾ മെനയുന്നത്.
രാഷ്ട്രീയം, വാണിജ്യ വ്യവസായ സംരഭമായതോടെയാണ് ഈ മാർക്കറ്റിംഗ് തന്ത്രം രാഷ്ട്രിയ പരസ്യങ്ങൾക്കായി സാമൂഹ്യ മാദ്ധ്യമങ്ങളിലും ഇൻറർനെറ്റിലും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.
ഒരു കാര്യം തുറന്നു പറയാം, നമ്മൾ ഉപയോഗിക്കുന്ന പല 'ആപ്പു'കളും യഥാർത്ഥത്തിൽ നമുക്ക് 'ആപ്പു'വെക്കുന്ന ഡാറ്റാ മൈനിംഗ് ഉപകരണങ്ങളാണ്. ഗുഗിൾപ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന മിക്ക 'ആപ്പു'കളും നമ്മളുടെ ഫോണിലെ പ്രധാന വിവരങ്ങളെല്ലാം വിനിയോഗിക്കാനുള്ള അനുവാദം വാങ്ങിയ ശേഷമാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്. അതിനു പുറമെ നമ്മളുടെ വ്യക്തിപരമായ വിവരങ്ങളും നല്കണം. പല ആപ്പുകളും, ആൻഡ്‌രോയിഡിലും ഫെയ്സ് ബുക്കിലും ഇൻസ്റ്റാൾ ചെയ്യപ്പെടുന്നുവ, ഇത്തരത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ കമ്പനികളുടെയും, പ്രത്യേകിച്ച് കോർപ്പറേറ്റുകളുടെ, രാഷ്ട്രീയ പാർട്ടികളുടേയും മാർക്കറ്റിംഗിനായി വിനിയോഗിക്കുകയോ വിൽക്കുകയോ യാണ് ചെയ്യുയുന്നത്. ഇത്തരത്തിലാണ് ആ 'ആപ്പു'കളുടെ നിർമ്മാതാക്കൾ വരുമാനം കണ്ടെത്തുന്നത്.
അതായത് ഫെയ്സ് ബുക്കിലും ഗൂഗിൾ പ്ളേയിലും കാണുന്ന മിക്ക ആപ്പുകളും ചെയ്യുന്ന പ്രധാന ജോലി ഡാറ്റാ മൈനിംഗും വില്പനയുമാണ്. ഫെയ്സ് ബുക്കിൽ പലരും പല ആപ്പുകളുമുപയോഗിച്ച് അവരുടെ ആത്മാർത്ഥ സുഹൃത്തിനെ കണ്ടെത്തി പോസ്റ്റ് ചെയ്യുന്നതും, സാമ്യമുള്ള സെലിബ്രിറ്റിയെ കണ്ടെടെത്തി പോസ്റ്റു ചെയ്യുന്നതും, സ്വഭാവ പ്രത്യേകതകൾ കണ്ടെത്തി പോസ്റ്റ് ചെയ്യുന്നതുമെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഇതിനെല്ലാം ഈ 'ആപ്പു'കൾക്ക് അവ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുകയും 'കോൺടാക്റ്റ്' ലിസ്റ്റിൽ പ്രവേശനം അനുവദിക്കുകയും വേണം . അങ്ങിനെ നമ്മുടെ സാമൂഹികമായതും വ്യക്തിപരമായതുമായ വിവരങ്ങളിൽ നിന്നും നമ്മളാരെന്നും നമ്മുടെ ബന്ധങ്ങളെന്തെന്നുമുള്ള പുർണ്ണ വിവരം ലഭ്യമാകുന്നു. ഇതെല്ലാം കൈക്കലാക്കിയ ഡാറ്റാ മൈനിംഗ് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ വഞ്ചിക്കുന്നു . വിവരങ്ങൾ വിറ്റ് കാശാക്കുന്നു .
ഇതു പോലൊരു ആപ്പാണ് "thisisyourdigitallife". ഇത് ഉപഭോക്താവിന് അവന്റെ വ്യക്തിത്വത്തെ പ്രവചിച്ചു നൽകുന്ന ഒരു ആപ്പാണ് . കാംബ്രിഡ്ജ് സർവകലാശാലയിലെ അലക്സാണ്ടർ കോഗൻ എന്ന മനശ്ശാസ്ത്ര അദ്ധ്യാപകനുവേണ്ടി നിർമ്മിക്കപ്പെട്ടതാണിത്. ഇത് സംഭരിക്കുന്ന മനശ്ശാസ്ത്ര പ്രാധാന്യമുള്ള വിവരങ്ങളനുസരിച്ച് വ്യക്തിത്വത്തെ മനസ്സിലാക്കാനും സാമൂഹിക ചിന്ത എത്തരത്തിലുള്ളതാണെന്ന് വിശകലനം ചെയ്യാനും കഴിയുന്നു . ഈ ആപ്പാണ് ഫേസ് ബുക്കിൽ സംയോജിപ്പിച്ചിട്ടുള്ളത്. ഫെസ് ബുക്കിൽ പ്രോഗ്രാമുകൾ ചെയ്യാനും സംയോജിപ്പിക്കാനും അനുവാദമുണ്ട്. എന്നാൽ അങ്ങിനെ ചെയ്യുമ്പോൾ അതിലുടെ ലഭ്യമായ ഉപഭോക്താക്കളുടെ വിവരം മൂന്നാമതൊരു കക്ഷിക്ക് കൈമാറ്റം ചെയ്യാൻ പാടില്ല എന്ന വ്യവസ്ഥ ഫെയ്സ് ബുക്ക് മുന്നോട്ടു വെച്ചിട്ടുണ്ട്. അത് രേഖാമൂലം അംഗീകരിക്കുന്ന ഡെവലപ്പർമാർക്കു മാത്രമെ ഫെയ്സ് ബുക്ക് ആപ്പുകൾ ചെയ്ത് ഫെയ്സ് ബുക്കുമായി സംയോജിപ്പിക്കുവാൻ കഴിയുകയുള്ളു.
എന്നാൽ കോഗൻ ഈ വ്യവസ്ഥ ലംഘിച്ചാണ് കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡാറ്റാ മൈനിംഗ് കമ്പനിക്ക് തന്റെ ഫെയ്സ് ബുക്ക് ആപ്പു വഴി ലഭിച്ച അമേരിക്കൻ ഫെയ്സ് ബുക്ക് ഉപഭോക്കളുടെ വിവരങ്ങൾ വിറ്റത്. അനലിക്കയാകട്ടെ അവരുടെ മറ്റൊരു സോഫ്റ്റ് വെയർ ഉപയോഗിച്ച് അമേരിക്കൻ വോട്ടർമാരുടെ മാനസികാവസ്ഥ വിശകലനം ചെയ്യുകയും അതിനനുസരിച്ച് ട്രമ്പിന്റെ കാംമ്പയിനുകളും പ്രഭാഷണ വിഷയങ്ങളും എന്നല്ല ഓരോ പ്രഭാഷണത്തിലും വോട്ടേർമാരെ മനശ്ശാസ്ത്രപരമായി ആകർഷിക്കാൻ ഉപയോഗിക്കേണ്ട പ്രത്യേക വാക്കുകളും വാക്യങ്ങളുമടക്കം നിശ്ചയിക്കുകയും ചെയ്തു. ഇത്തരത്തിൽ 23 കോടി ജനങ്ങളുടെ വിവരങ്ങളാണ് അനലിറ്റിക്ക അമേരിക്കയിൽ ദുരുപയോഗം ചെയ്തത്. കേംബ്രിഡ്ജ് അനലിറ്റിക്ക നിസ്സാര തോതിൽ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയല്ല. ലോകത്തിലെ വൻ കോർപ്പറേറ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി ശതകോടി ക്കണക്കിനു വിവരങ്ങളാണ് ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും . പണം കൊടുത്താൽ ആർക്കും വിടുപണി ചെയ്യുന്ന ഒരു കമ്പനിയാണ് അനലിറ്റിക്ക . പണം മാത്രമാണവരുടെ തത്വവും തത്വശാസ്ത്രവും . ഏത് ഫാസിസ്റ്റുകൾക്കു വേണ്ടിയും, ഒരു പക്ഷെ ഭീകരർക്കു വേണ്ടിത്തന്നെ, പണം കിട്ടിയാൽ ഇവർ വിടുപണി ചെയ്തേക്കാം. ബ്രിക്സിറ്റിനു വേണ്ടി വിവരശേഖരണവും സുഹ്യമാദ്ധ്യമ പ്രചരണവും ഏറ്റെടുത്തത് ഇവരാണെന്നാണ് പറയപ്പെടുന്നത്.
വിവരങ്ങൾ ആരുടെ അക്കൗണ്ടിൽ നിന്നും അറിഞ്ഞോ അറിയാതെയോ ചോരാം. ഡാറ്റാ മൈനിംഗിനായി നിയമവിരുദ്ധ സോഫ്റ്റ് വെയറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് പൊതുവെ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ അനുഭവം . നമ്മുടെ വിവരങ്ങൾ ഇങ്ങനെ ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ചില മാർഗ്ഗങ്ങളുണ്ട്. ഒന്ന്, നിങ്ങൾ ഫേസ് ബുക്ക് തുറക്കുമ്പോൾ നിങ്ങൾ ലൈക്ക് ചെയ്യാത്തതോ, വരിക്കാരാകത്തതോ (subscribe) ആയ പരസ്യങ്ങൾ, പെയിഡ് പരസ്യങ്ങൾ വരുന്ന വലത്തെ കോളത്തിലല്ലാതെ പേജുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നുനുണ്ടോ എന്നു ശ്രദ്ധിക്കുക . ഉണ്ടെങ്കിൽ അവയെ ബ്ലോ ക്കു ചെയ്യുകയും സ്പാം ആയി റിപ്പോർട്ട് ചെയ്യുകയും ചെയ്യുക. നിങ്ങൾ പ്രത്യേകിച്ച് എവിടേയും പോസ്റ്റുചെയ്യാത്ത നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുനുണ്ടോ എന്നു ശ്രദ്ധിക്കുക. ഉണ്ടങ്കിൽ ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക. പാസ്‌വേഡ് മാറ്റുക ഇടക്കിടെ . ഒരു കാരണവശാലും ഫെയ്സ് ബുക്ക് പോലെയുള്ള നിങ്ങളുടെ സാമൂഹ്യ മാദ്ധ്യമങ്ങളിലെ യൂസർ നെയ്മും പാസ് വേർഡും നല്കി നേരിട്ട് , അക്കൊണ്ട് തുറക്കാതെ, മറ്റു ആപ്പുകളിലോ വെബ് സൈറ്റുകളിലോ ലോഗിൻ ചെയ്യാൻ ആവശ്യപ്പെടുന്ന മാർഗ്ഗം സ്വീകരിക്കാതിരിക്കുക.
ഇത്തരത്തിൽ വിവരങ്ങൾ ശേഖരിച്ച് സമുഹത്തെ പരോക്ഷമായി, യാന്ത്രികമായി സ്വാധീനിക്കുന്ന മാർഗ്ഗം സോഷ്യൽ എൻജിനീയറിംഗിലെ ഒരു രീതിയാണ്. രഹസ്യമായി കാര്യങ്ങൾ മനസ്സിലാക്കി സമുഹത്തെയോ , അതിന്റെ സൌകര്യങ്ങളേയോ , യാന്ത്രികമായി വിനിയോഗിക്കുക എന്നതാണുതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിലെ അപകടം എന്തെന്നു വെച്ചാൽ, പലപ്പോഴും ഇത്തരം വിവരങ്ങൾ സോഷ്യൽ എൻജിനിയറിംഗിനു പയോഗിക്കുമ്പോൾ , ഉപയോഗിക്കുന്നവർ അവരുടെ അജണ്ടകൾ മറച്ചുവെച്ച് പൊതുജനത്തിന്റെ ആഗ്രാഹാ ഭിലാഷങ്ങൾക്കനുസരിച്ച് പരസ്യങ്ങളിലുടേയും പ്രഭാഷണങ്ങളിലൂടെയും വ്യാജ വാഗ്ദാനങ്ങൾ നല്കി ഉൽപന്നങ്ങളും രാഷ്ട്രീയവും മാർക്കറ്റു ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നു. അവരുടെ സംരംഭത്തിൽ, മാർക്കറ്റിംഗിൽ, തിരെഞ്ഞെടുപ്പിൽ വിജയിച്ചുകഴിയുമ്പോൾ തനിനിറം പുറത്തു വരുകയും ജനം വഞ്ചിക്കപ്പെട്ടെന്ന് ജനം തന്നെ തിരിച്ചറിയുകയും ചെയ്യുന്നു.
ഇതാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും. അച്ഛാദിൻ എന്ന മുദ്രാവാക്യം വ്യപകമായി കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പിൽ ഉപയോഗിച്ചു, എവിടെ നിന്നു കിട്ടി? എവിടെ അച്ഛാ ദിൻ? എങ്ങിനെ ഡസൻ കണക്കിന് കോർപ്പറേറ്റ് മുതലാളിമാർ ബാങ്കുകളിൽ നിന്നും ആയിരക്കണക്കിനു കോടികളെടുത്തു സുരക്ഷിതരായി രാജ്യം വിട്ടു. അച്ഛാദിൻ എന്ന വ്യാജ വാഗ്ദാനത്തിന്റെ പിന്നിൽ കോർപ്പറേറ്റ് താൽപര്യങ്ങളായിരുന്നു. ജനം നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുമ്പോഴും ജോലിക്കാരെ സ്ഥിരമായി പരിഗണിക്കേണ്ട എന്ന നിയമം കൊണ്ടുവന്നത് അച്ഛാദിൻ എന്ന വ്യാജ വാഗ്ദാനം, 'അനലിറ്റിക്ക ' വിവരങ്ങൾ വിശകലനം ചെയ്തു നൽകിയതിൽ നിന്നു മാത്രമാണെന്നു തെളിയുന്നു, അല്ലാതെ ബി.ജെ.പിയുടെ ആത്മാർത്ഥമായ അജണ്ടയായിരുന്നില്ല. യഥാർത്ഥത്തിൽ ഭാരതീയ ജനതക്ക് 'ബുരാ'ദിൻ നല്കാൻ മാത്രമാണ് അവർ ഉദ്ദേശിച്ചിരുന്നത് .
ആയതിനാൽ സാമുഹ്യ മാദ്ധ്യമങ്ങളിൽ നമ്മെ ലക്ഷ്യമാക്കി സമ്മതമില്ലാതെ 'തള്ളി 'ക്കയറി വരുന്ന പരസ്യങ്ങൾ, വാഗ്ദാനങ്ങൾ തുടങ്ങിയവയെ വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ