Politics, Policy, Political News Top Stories

2018 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മ്യൂസിയം ഭക്ഷണശാല അസഹനീയം



തിരുവനന്തപുരം മ്യൂസിയത്തോടനുബന്ധിച്ചു സ്ഥിതി ചെയ്യുന്ന പാർക്ക് പല കാര്യത്തിലും ഒരനുഗ്രഹമാണ്. എന്നെപ്പോലെയുള്ളവർ ശുദ്ധവായു ശ്വസിക്കുവാനും മെഡിറേറഷനുമായി ദശാബ്ദങ്ങളായി ആശ്രയിക്കുന്നത് ഈ പാർക്കിനേയും കനകക്കുന്ന് കൊട്ടാര വളപ്പിനേയുമാണ് . മ്യൂസിയവും പാർക്കും വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. അതിനു പ്രധാന കാരണം ജീവനക്കാരിലും അധികാരികളിലുമുണ്ടായ മാറ്റമാണ്. മുമ്പൊക്കെ ജീവനക്കാരുടെ ട്രേഡ് യൂണിയൻ ഗുണ്ടായിസമാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ജീവനക്കാരിൽ യൂണിയൻ സ്വാധീനമുള്ളവർ ഒപ്പിട്ടു മുങ്ങലും യൂണിഫോമിൽ തന്നെ വന്ന് മദ്യവിൽപനശാലയിലെ വരിയിൽ കാത്തു നിൽക്കുന്നതുമൊക്കെ പതിവായിരുന്നു. എന്നാൽ പൊതു ജനത്തിന്റെ ഇടപെടലും അധികാരികളുടെ ചങ്കുറ്റത്തോടെയുള്ള നടപടികളും കാര്യങ്ങൾ മാറ്റി . ജീവനക്കാരുടെ മനോഗതിയിലെ മാറ്റം എല്ലായിടത്തും പ്രതിഫലിച്ചു.

നിർഭാഗ്യമെന്നു പറയട്ടെ , വൃത്തിയുള്ള ശരീരത്തിലെ പുഴുക്കുത്തുപോലെയാണ് ഇവിടത്തെ ഭക്ഷണശാലയിലെ ജീവനക്കാരുടെ മനോഗതിയും പെരുമാറ്റവും . ഈ ഭക്ഷണശാല ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ കീഴിലാണ് (കെ.ടി.ഡി.സി നടത്തുന്ന ഭക്ഷണശാലയല്ല ). എന്നാൽ മ്യൂസിയം സന്ദർശകരിൽ 90% വും ആഹാരത്തിനായി ആശ്രയിക്കുന്നത് ഈ ഭക്ഷണശാലയെയാണ്. കെ.ടി.ഡി.സി നടത്തുന്ന ചെറിയ കോഫി ബാറിൽ സൌകര്യം കുറവും വില വളരെ കൂടുതലുമാണ്. മ്യൂസിയവും പാർക്കും, സന്ദർശകർകരുടെ മുമ്പിൽ കാഴ്ചവെക്കുന്ന സംസ്കാരത്തിനും അതിന്റെ നിലവാരത്തിനും ചേർന്നതല്ല മ്യൂസിയം കാന്റീനിലെ ജീവനക്കാരുടെ പെരുമാറ്റവും ഭാഷയും. പഴയ ജീവനക്കാർ അനുവർത്തിച്ചിരുന്ന ഗുണ്ടാ സംസ്കാരത്തെയാണ്‌  ഇവർ അനുധാവനം ചെയ്യുന്നത്.
അതിരാവിലെ എന്നും ഞാനിവിടെ എത്തി അല്പം ശുദ്ധവായു ശ്വസിച്ച് കാന്റീനിൽ നിന്ന് പ്രാതലും കഴിഞ്ഞാണ് ദൈനംദിന കാര്യങ്ങൾക്ക് തിരിക്കുന്നത്. രണ്ടാഴ്ച മുമ്പ്, നേരത്തെ പ്രാതലും കഴിഞ്ഞ് പോകേണ്ടിയിരുന്നതിനാൽ വേഗം കാന്റീനിലെത്തി ആഹാരം കഴിച്ചു. ബില്ലുകൊടുക്കാൻ നേരത്ത് വാങ്ങിക്കാൻ തൽസ്ഥാനത്ത് ആളില്ലാത്തതു നിമിത്തം പൈസ മേശപ്പുറത്തു വച്ച ശേഷം പറഞ്ഞ് പുറത്തിറങ്ങി. എന്നാൽ എനിക്കു കേൾക്കേണ്ടി വന്നത് പരുഷമായ ഉച്ചത്തിലുള്ള ശകാരമാണ്, കാരണം രാവിലെ  "കൈനീട്ടം" കയ്യിൽ കൊടുത്തില്ല എന്നതാണത്രെ കാര്യം. സന്ദർശകർ ജീവനക്കാരുടെ അന്ധവിശ്വാസങ്ങൾ പിന്തുടരണമെന്നത് ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. തിരിച്ചുവന്ന് പൈസയെടുത്ത് കൈയ്യിൽ കൊടുക്കേണ്ടി വന്നു. അതിനു ശേഷം നിരന്തരം മോശമായ പെരുമറ്റമാണനുഭവപ്പെടുന്നത്. ഇന്നു രാവിലെ പ്രാതലിനായി ചെന്നപ്പോൾ ഭക്ഷണം ആയില്ല എന്നായി. ഞാൻ കാത്തിരുന്നു. എനിക്കു ശേഷം വന്നവർക്കെല്ലാം ഭക്ഷണം നല്കിയ ശേഷം അല്പം കഴിഞ്ഞ് എനിക്ക് ഭക്ഷണം കൊണ്ടുവന്ന്  വെച്ച് എല്ലാവരോടുമായി ഒരു പ്രസംഗം, ഞാൻ കാന്റീനിൽ കയറിയിരുന്ന് മൊബൈലിൽ നോക്കിയിരിക്കുകയായിരുന്നു മുഖത്ത് നോക്കിയില്ല എന്ന്. ഞാൻ സ്വയം ചോദിച്ചു ഇവനാര് വിളമ്പുകാരനോ എന്റെ യജമാനനോ എന്ന്. മറ്റുള്ളവരുടെ മുമ്പിൽ വെച്ച്  അവഹേളിക്കുക എന്നായിരുന്നു ഉദ്ദേശം. നിശ്ശബ്ദത പാലിച്ചതുകൊണ്ട് വിചാരിച്ചതു നടന്നില്ല. ബില്ലുകൊടുക്കാൻ സമയം നടത്തിപ്പുകാരൻ എത്താതു മൂലം ഈ വിളമ്പുകാരൻ തന്നെ പൈസ വാങ്ങാൻ വന്നു.  ചില്ലറയില്ലെന്നായി, വാങ്ങിച്ചു കൊണ്ടുവരാം എന്നു പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ തിരിച്ചുവിളിച്ച് നോട്ടുവാങ്ങി ബാക്കി തന്നു.  രണ്ടു പുരുഷ വിളമ്പുകാരുണ്ട്, ഇവരുടെ ശരീരഭാഷയും ഭാവവും പെരുമാറ്റവും മൃഗീയമാണ്. "മൃഗശാല ഭക്ഷണശാല" എന്നതായിരിക്കും ഇതിന് കുറച്ചു കൂടി ഉചിതമായ നാമം. ഏതായാലും പാർക്കും മ്യൂസിയവും സന്ദർശിക്കുന്നവർക്ക് അവരുടെ ഭക്ഷണാവശ്യങ്ങൾ മാന്യതയോടെ നൽകുന്ന - സ്ഥാപനത്തിന്റെ സംസ്കാരവും ഇന്നത്തെ നിലവാരവുമുൾക്കൊണ്ട് - ഒരു സമാനമായ സംവിധാനം കുടുംബശ്രീയുടെ കീഴിൽ മ്യൂസിയത്തിനകത്ത് നിലവിൽ വരേണ്ടതുണ്ട്. മാത്രമല്ല, ആഥിത്യ മര്യാദയെക്കുറിച്ചറിയാത്തവർ അഥവാ  ഹോസ്പിറ്റാലിറ്റിയെക്കുറിച്ചറിയാത്തവർ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ഇപ്പോഴുള്ള കാന്റീൻ, സന്ദർശകരുടെ ആവശ്യം നിറവേറ്റാൻ പോന്നതല്ല. മനുഷ്യന് സംസ്കാരികമായ ഒരു വിശപ്പു കൂടിയുണ്ട്. വിനോദ സഞ്ചാരത്തിന്റേയും സാംസ്കാരിക പരിപാടികളുടേയും പിന്നിലെ പ്രചോദനം ഈ വിശപ്പാണ് എന്ന തിരിച്ചറിവ് ഇല്ലാത്തവർ ഈ കാലഘട്ടത്തിലുമുണ്ടെന്നത് അത്ഭുതം തന്നെ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ