Politics, Policy, Political News Top Stories

2018 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

പ്രളയം കൈരളിതൻ കണ്ണുനീർ

കരഞ്ഞു കൈരളി, ആ

ക്കണ്ണുനീരിൽ നിറഞ്ഞു

കവിഞ്ഞാറുകളൊഴുകി

കലങ്ങി വിറങ്ങലിച്ചു 

മലയാളക്കര തേങ്ങി

" കാക്കണേ ദൈവമെ!"

കൈരളി തൻ കണ്ണീർക്കയത്തെ-

താങ്ങാ സേതുബന്ധനങ്ങൾ

തേങ്ങി, വീർപ്പുമുട്ടി, 

പൊട്ടിയൊലിക്കാൻ വെമ്പുന്നു.


മായുന്നില്ല കൈരളി തൻ നോവ്,

വികസനത്തിൻ വാൾമുനായാൽ

കുത്തിക്കീറിയ മുറിപ്പാടുകളിൽ

നിന്നുയരുന്ന നീറ്റലും പുകച്ചിലും

കണ്ണീരായ് പെയ്തിറങ്ങുന്നു.


കൈരളിതൻ സ്രവങ്ങളെ;

നദികളെയാക്രമിച്ചവർ, കയ്യേറിയവർ,

പീഡിപ്പിച്ചവശയാക്കിയവർ,

കർഷകവേഷമണിഞ്ഞ് 

മുദ്രാവാക്യം പുലമ്പിയവർ,

കൈരളിതൻ കണ്ണീരിൻ

കുത്തൊഴുക്കിൽ നിലവിട്ടൊഴുകുന്നു.

മുദ്രാവാക്യം വിളിച്ച് നയിച്ചവർ

മുങ്ങുന്നു, വീണ്ടും പൊങ്ങുന്നു 

വളിച്ച പുഞ്ചിരിയുമായ്

ദുരിതാശ്വാസ സങ്കേതങ്ങളിൽ

മറ്റൊരു മാതൃകാ നേതാവാകുവാൻ.


കൈരളിതൻ സ്തന ശൃംഗങ്ങളെ,

മൂന്നാറിനെ,

കുത്തിപ്പൊളിച്ചവർ,

വളച്ചുകെട്ടിയവർ,

കുരിശു നാട്ടിയവർ,

സ്തനമുകുളം ഛേദിച്ച് 

സൗധങ്ങൾ സ്ഥാപിച്ച

ലംബോധരർ യാചിക്കുന്നു ;

"കൈരളിതൻ കണ്ണീരിൽ

കാക്കണേ കർത്താവെ !"


കൈരളിയുടെ തടാകങ്ങളിൽ

താണ്ഡവമാടിയ തോമാചാണ്ടി മാർ,

 വെള്ളിക്കാശ് മുപ്പതിനവളുടെ

ചരിത്ര്യത്തെ ഒറ്റിയവർ

വിതുമ്പുന്നവളുടെ പകതൻ

കണ്ണുനീർ കയത്തിൽ.


'വയൽകളികൾക്കും ' 

'ഗെയിൽ' സമര സഖാക്കൾക്കും

തീവ്രവാദ പട്ടം നൽകിയവർ,

മാർക്സ് - ഏംഗൽസാദികളെ

ഒറ്റിയ യുദാസുകളെഴുതുന്നു

പ്രളയാനന്തര പരിസ്ഥിതി ലേഖനങ്ങൾ .

മൂരാച്ചികൾ മൂലധനത്തിന്റൊറ്റുകാർ .


കണ്ടറിയാത്താന്ധർ

കൊണ്ടറിയുമോ?







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ