ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൌരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ബലികഴിച്ചു കൊണ്ടുള്ള വിശ്വാസങ്ങളും വിശ്വാസാധിഷ്ഠിത നിയന്ത്രണങ്ങളും അപകടകരമാണ്. അത്തരം വിശ്വാസധിഷ്ഠിത നിയന്ത്രണങ്ങളോട് പൗരന്മാർ കാണിക്കുന്ന വിധേയത്വം കൊണ്ടു ചെന്നെത്തിക്കുന്നത് മതത്തിന്റെ പേരിലും മറ്റുമുള്ള ആഭാസത്തിലധിഷ്ഠിതമായ ജനാധിപത്യവിരുദ്ധതയിലേക്കാണ്. അതു തന്നെയാണ് ഫാസിസവും . ഇന്ത്യൻ ജനാധിപത്യവും അതു നൽകുന്ന പൗരസ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ വിശ്വാസവും വിശ്വാസധിഷ്ഠിത പ്രവർത്തങ്ങ ളുമാണ് നമുക്കാവശ്യം. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഇന്ത്യാ വിരുദ്ധവും മതാധിഷ്ഠിത തീവ്ര- ഭീകര വാദവുമാണ്. ഉൽബുദ്ധരായ ജനങ്ങൾ അത്തരം ഇന്ത്യാവിരുദ്ധ നിലപാടുകളോട് വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുകയും പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് വരികയും വേണം.
ശബരിമലയിൽ സ്ത്രീ പ്രവേശനം പാടില്ല എന്നു നിഷ്കർഷിക്കുന്നവർ അതിനു വേണ്ടി മുന്നോട്ട് വെക്കുന്ന ന്യായീകരണം ആചാരാനുഷ്ഠാനങ്ങളാണ്. ഈ ആചാരാനുഷ്ഠാനങ്ങൾ എന്ന കോപ്രായങ്ങളാകട്ടെ യാതൊരു വിധ തത്വങ്ങളുടേയും പിൻബലമില്ലാത്തതും അസമത്വവും സാംസ്കാരിക പാപ്പരത്വവും അടിച്ചേൽപ്പിക്കുന്നതുമാണ് എന്നു മാത്രമല്ല ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതുമാണ്.
ആചാരാനുഷ്ഠാനങ്ങളുടെ പിറവിയെക്കുറിച്ച് വിശദീകരിക്കുന്ന ഒരു കഥയുണ്ട് ഇങ്ങനെ, "ഒരിക്കൽ ഒരു ബുദ്ധ സന്യാസി തന്റെ ശിഷ്യന്മാരെ ധ്യാനം പരിശീലിപ്പിക്കുന്നതിനിടയിൽ വളർത്തു പൂച്ച അടുക്കളയിൽ നിന്നും പാത്രങ്ങൾ മറിച്ച് ശബ്ദമുണ്ടാക്കുകയും ശിഷ്യന്മാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും ചെയ്തു. ഇത് പല പ്രാവശ്യമായപ്പോൾ ഒരു ദിവസം സന്യാസി ഒരു ശിഷ്യന്റെ അടുത്തു പൂച്ചയെ പിടിച്ചു കൊണ്ടുവന്നു കെട്ടിയിടാൻ പറഞ്ഞു . പിന്നീട് എല്ലാ ദിവസവും ധ്യാനാരംഭത്തിനു മുമ്പായി പൂച്ചയെ കൊണ്ടുവന്നു കെട്ടിയിടാൻ ഗുരു പറയുകയും ശിഷ്യന്മാർ പതിവാക്കുകയും ചെയ്തു. ശിഷ്യന്മാർ ഗുരുകുലം വിട്ട് സ്വന്തമായി ധ്യാനം പരിശീലിച്ചപ്പോഴും പഠിപ്പിച്ചപ്പോഴും ഒരു പൂച്ചയെക്കൊണ്ടുവന്നു കെട്ടിയാടുന്ന ആചാരം തുടർന്നു. ക്രമേണ അത് ധ്യാനത്തിന്റെ കൂടെയുള്ള ആചാര അനുഷ്ഠാനമായി മാറി. " എല്ലാ ആചാരാനുഷ്ഠാനങ്ങളുടേയും അകക്കാമ്പിത്രയേയുള്ളു.
ഇത്തരം അർത്ഥമില്ലാത്ത ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ സ്വാതന്ത്ര്യത്തിനെതിരെ വാളോങ്ങുന്നവർ വിവരക്കേടിന്റെ ദേവതയെയാണാരാധിക്കുന്നത്. മാത്രമല്ല പല ജനവിഭാഗങ്ങളേയും അടിമകളാക്കി നിറുത്തിയിരുന്നത് ഇത്തരം ആചാരനുഷ്ഠാനങ്ങളിലൂടെയാണ്, അഥവാ അചാരാനുഷ്ഠാനങ്ങൾ ജനവിഭാഗങ്ങളെ അടിമകളാക്കി പൂട്ടാനുള്ള ചങ്ങലകളാണ്. ഉണരുക ! പ്രബുദ്ധരാകുക!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ