Politics, Policy, Political News Top Stories

2022 നവംബർ 15, ചൊവ്വാഴ്ച

എന്താണ് മനസ്സ് ?
-----------------
മനസ്സിനെ നിർവ്വചിക്കാൻ മനുഷ്യൻ കഠിനമായി യന്തിച്ചു കൊണ്ടിരുന്നു ചരിത്രത്തിൽ. എന്നാൽ മനസ്സാകട്ടെ പിടികൊടുക്കാതെ മനുഷ്യനെ നട്ടം തിരിയിക്കയും ചെയ്തു കൊണ്ടിരുന്നു. ഇന്നും മനസ്സ് പല തലങ്ങളിലും ഉത്തരം കിട്ടാത്ത പ്രഹേളികയായി അവശേഷിക്കുന്നുണ്ട്. എന്നാലും മനസ്സിന് ശാസ്ത്രീയ മായ ഒരു നിർവ്വചനം സാദ്ധ്യമായിട്ടുണ്ട് എന്നു മാത്രമല്ല അതിന്റെയടിസ്ഥാനത്തിൽ മനശ്ശാസ്ത്ര ശാഖയും മറ്റു ശാസ്ത്ര ശാഖകളും മുന്നേറുകയും ചെയ്തിട്ടുണ്ട്. ആ നിർവ്വചനം എന്ത് എന്നത് പരിശോധിക്കുകയാണ് നാം ഇവിടെ. 


മനസ്സിനെ നിർവ്വചിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തത് 1908 ൽ ലെനിനാണ്. അദ്ദേഹം അതിനായി ആദ്യം മനസ്സിന്റെ ധർമ്മത്തെ വിശകലനം ചെയ്തു. എന്താണ് മനസ്സിന്റെ ധർമ്മം? മനസ്സ് അതിനു പുറത്ത് നിലനിൽക്കുന്ന വസ്തു നിഷ്ട പദാർത്ഥിക ലോകത്തെ ഗുണാത്മകമായി പ്രതിഫലിപ്പിക്കുന്നു. അതാണ് മനസ്സിന്റെ പ്രാഥമിക ധർമ്മം. എന്നു വെച്ചാൽ ഒരു ആപ്പിൾ എന്റെ മനസ്സിലുണ്ട്, അല്ലെങ്കിൽ എന്റെ ബോധത്തിലുണ്ട് എന്നു പറഞ്ഞാൽ അതിന്റെ നിറം , മണം, സ്വാദ്, ആകൃതി എന്നീ ഗുണങ്ങൾ ഞാൻ എന്റെ മനസ്സിൽ കാണുന്നു, അല്ലെങ്കിൽ ബോധത്തിൽ കാണുന്നു, പ്രതിഫലിപ്പിക്കുന്നു , ആ വസ്തു നിലനിൽക്കാതെ തന്നെ.

ഇതിൽ രണ്ടു കാര്യങ്ങൾ വ്യക്തമാണ് ഒന്ന് ദ്രവ്യം മനസ്സിനു വെളിയിൽ നിലനിൽക്കുന്നതാണ് , ഭൗതീകവാദവും മറ്റും ഇതിനെ പൂർണ്ണമായും അംഗീകരിക്കുന്നു. രണ്ട് , സകല വസ്തുകൾക്കും വസ്തുനിഷ്ഠമല്ലാതെ ഗുണാത്മകമായി , നിലനിൽക്കാൻ കഴിയും . അതായത് ദ്രവ്യത്തിൽ നിന്ന് , പദാർത്ഥത്തിൽ നിന്ന് സ്വതന്ത്രമായി അവയുടെ ഗുണങ്ങൾക്ക് നിലനിൽക്കാൻ കഴിയും. ഒരുൽക്ക ഭൂമിയിൽ പതിച്ചാൽ ഉന്നത താപത്തിനാൽ അത് വാതകമായി അപ്രത്യക്ഷമാകുന്നു. ഭൂമിയിൽ ഗർത്തം മാത്രം അവശേഷിക്കുന്നു. എന്നിരുന്നാലും ഈ ഗർത്തത്തിൽ നിന്നും ഉൽക്കയിലടങ്ങിയിരുന്ന ദ്രവ്യത്തിന്റെ അളവ്, മൂലകങ്ങൾ, അതിന്റെ സഞ്ചാര വേഗത, പതിച്ച കോൺ എന്നിവ അറിയാൻ കഴിയുന്നു. ഉൽക്കയില്ലാതെ തന്നെ അതിന്റെ ഗുണങ്ങൾ നിലനിൽക്കുന്നു എന്നർത്ഥം. ഇവിടേയും നടക്കുന്നത് ഗുണാത്മകമായി ഭൂമി ഉൽക്ക യെ പ്രതിഫലിപ്പിക്കുകയാണ്. ഇത് മനസ്സിന്റെ ഏറ്റവും പ്രാകൃത രൂപമായിട്ടാണ് ലെനിൻ കാണുന്നത്. അതിന്റെ വികസിത രൂപമാണ് മനുഷ്യ മനസ്സ് എന്നാണദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത്. 

അപ്പോൾ മനസ്സ് ഭൗതീകമാണോ അതോ ഭൗതീ കേതരമാണോ എന്ന ചോദ്യം സ്വാഭാവികമായി ഉദയം ചെയ്യുന്നുണ്ട്. ലെനിനും മാർക്സിനുമൊക്കെ മുമ്പുണ്ടായിരുന്ന ഭൗതീകവാദികൾ മനസ്സ് ഭൗതികമാണെന്നു വാദിച്ചവരായിരുന്നു. ദ്രവ്യമാണെങ്കിൽ അത് മനസ്സിനു വെളിയിൽ സ്വതന്ത്രമായി നിലനിൽക്കുന്നതാണ്. അങ്ങിനെ നിർവ്വചിച്ചാൽ "മനസ്സ് മനസ്സിനു വെളിയിൽ സ്വതന്ത്രമായി നില നിൽക്കുന്നത് " എന്നു പറയേണ്ടി വരും. ഈ ന്യൂനത ചൂണ്ടിക്കാട്ടിയാണ് ഏഗൽസ് വ്യോഗട്ടിന്റെ മനസ്സ് ദ്രവ്യമാണെന്ന വാദത്തെ വൃത്തികെട്ട ഭൗതികവാദം എന്നു വിളിച്ചത്. അപ്പോൾ മനസ്സ് ദ്രവ്യമല്ല എന്നു വ്യക്തമാവുകയും , ദ്രവ്യമല്ലെങ്കിൽ അതു ഗുണമാണ് എന്ന നിഗമനത്തിലെത്തുകയും ചെയ്തു. ഗുണമാണെങ്കിൽ അതിന് ദ്രവ്യത്തിൽ നിന്ന് സ്വതന്ത്രമായ നിലനിൽപ്പുണ്ടല്ലോ? ശാസ്ത്രീയ സമീപനത്തോട് നീതി പുലർത്തിക്കൊണ്ട് ലെനിൽ പറഞ്ഞു "മനസ്സ് പദാർത്ഥത്തിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നതും എന്നാൽ പദാർത്ഥത്തിൽ നിന്നും സ്വതന്ത്രമായി നിലനിൽക്കാൻ കഴിവുള്ളതുമായ ഗുണ ധർമ്മമാണ് " എന്ന്. ഇതിനെയാണ് "പ്രതിഫലന സിദ്ധാന്തം" എന്ന പേരിൽ അറിയപ്പെടുന്നത്.അദ്ദേഹം തുടർന്നു പറഞ്ഞത് "നമ്മെ സംബന്ധിച്ച് മനസ്സിന് സ്വതന്ത്രമായ നിലനിൽപ്പുണ്ടോ എന്നതല്ല പ്രശ്നം മറിച്ച് ഏതാണ് പ്രാഥമികം എന്നതിലാണ് .നാം ദ്രവ്യമാണ് പ്രാഥമികം എന്നു കരുതുന്നു." ദ്രവ്യത്തിൽ നിന്നു തുടങ്ങുമ്പോൾ ദ്രവ്യം തന്നെ, എന്നാൽ മനസ്സിൽ നിന്നു തുടങ്ങുമ്പോൾ മറിച്ചും. അതിനെ അശാസ്ത്രീയം എന്നു പറയാൻ കഴിയില്ലല്ലോ!  മാവിൽ നിന്ന് മാങ്ങാണ്ടിയുണ്ടായെങ്കിൽ മാങ്ങാണ്ടിയിൽ നിന്ന് മാവുണ്ടായി എന്നത് അശാസ്ത്രീയമല്ലല്ലോ!

പറയാൻ ഉദ്ദേശിക്കുന്നത്  ഭൗതീകവാദ വീക്ഷണത്തിൽ പോലും മനസ്സിന് പദാർത്ഥത്തിൽ നിന്ന് സ്വതന്ത്രമായ നിലനിൽപ്പുണ്ട് എന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ